തിരുവനന്തപുരത്തെ മാളില്‍ വച്ച് പൊലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നാണ് വാദം. അതേസമയം നടപടി വൈകിപ്പിക്കുന്നതെന്ന് സിപിഎം നേതൃത്വമാണെന്നും ആക്ഷേപമുണ്ട്.

ഇതിനിടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെയും കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാകട്ടെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. എആര്‍ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിയേയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ പുതുവല്‍സര ആഘോഷത്തിനിടയിൽ ശംഖുമുഖത്ത് വെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ റോയി മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിൽ കലാശിച്ചത്. സഹോദരിക്കൊപ്പമാണ് മിഥുന്‍ മാളില്‍ എത്തിയിരുന്നത്. മിഥുന്റെ പരാതിയിൽ ഡിവൈഎഫ്ഐ ക്കാരായ രേവന്ത്, സജിത്ത് എന്നിവരടക്കം നാലുപേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ തനിക്കെതിരെ കമ്മീഷണർക്ക് നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മിഥുനാണ് മർദ്ദിച്ചതെന്ന് പ്രവര്‍ത്തകരും പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പേട്ട പൊലീസ് മിഥുനെതിരെയും കേസെടുത്തത്. പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ENGLISH SUMMARY:

In a controversial incident at a Thiruvananthapuram mall, AR Camp CPO Mithun Roy was allegedly assaulted by SFI activists in front of his family. The attack is reportedly a retaliatory act following a clash between police and SFI/DYFI workers during a New Year's Eve DJ party at Shankhumukham. While a case has been registered against SFI members Revant and Sajith, the police have also filed a non-bailable case against Mithun Roy based on a counter-complaint by the activists. This dual action has sparked intense protests within the Kerala police force, with many alleging political pressure from CPM leadership to shield the culprits. CCTV footage showing the assault has surfaced, yet no arrests have been made. The officer's sister, who accompanied him, has also been named as an accused. Stay updated on the latest developments in this case involving political influence and police morale.