Image: X,@ChennaiCustoms

തായ്‌ലന്‍ഡില്‍ നിന്നും രണ്ടു വിമാനങ്ങളിലായി 23കോടി രൂപയുടെ കഞ്ചാവ് കടത്തിയ ആറു മലയാളികളെ പിടികൂടി. 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവര്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. രണ്ടു സംഘങ്ങളായെത്തിയ എന്‍ജിനീയറിങ് ബിരുദധാരികളാണ് പിടിയിലായവരെല്ലാം. 

 

മണ്ണില്ലാതെ പോഷകസമൃദ്ധമായ ദ്രാവകങ്ങളിലിട്ട് വളര്‍ത്തുന്ന മികച്ച ശേഷിയുള്ള കഞ്ചാവ് വകഭേദമാണ്  ഹൈഡ്രോപോണിക് എന്നറിയപ്പെടുന്നത്. ബാങ്കോക്കില്‍ നിന്നാണ് ഇവര്‍ വിമാനത്തില്‍ കയറിയത്. കഞ്ചാവ് കടത്ത് ലക്ഷ്യമിട്ടാണ് തായ്‌ലന്‍ഡിലേക്ക്    യുവാക്കള്‍ വിനോദസഞ്ചാരികളായി പോയതെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 

 

ബാഗേജ് പരിശോധനക്കിടെയാണ് വ്യാഴാഴ്ചയെത്തിയ ആദ്യസംഘത്തില്‍ നിന്ന് 15കോടി വിലമതിക്കുന്ന 15കിലോ കഞ്ചാവ് പിടികൂടിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വെള്ളിയാഴ്ച എത്തിയ സംഘത്തില്‍ നിന്നും 8കിലോ കൂടി കണ്ടെടുത്തത്. രാജ്യാന്തര ലഹരികടത്തു സംഘത്തിലെ കണ്ണികളാണിവരെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ENGLISH SUMMARY:

Malayalam smugglers were arrested in Thailand for attempting to smuggle 23 crore worth of cannabis into India via Chennai airport. The sophisticated hydroponic cannabis was cleverly hidden within food and chocolate packets.