നിക്ഷേപ തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44.5 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു. നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ രാജു ജോർജും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തി.
സ്വർണ്ണ പണയ ഇടപാടുകൾക്കും, മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1 ന് ഇഡിയും കേസ് റജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും, തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രിക്ക് നിക്ഷേപമുണ്ടന്ന് സംശയിക്കുന്ന സ്ഥാപനമാണ് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ്.