കോഴിക്കോട് മാളിക്കടവില്‍ ഒരുമിച്ച് മരിക്കാനായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്. യുവതിക്ക് കൗണ്‍സിലിങ് നടത്തുന്ന സൈക്കോളജിസ്റ്റിന്, കൊല്ലപ്പെടുന്ന ദിവസം അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി വൈശാഖനായിരിക്കും തന്‍റെ മരണത്തിന് ഉത്തരവാദിയെന്നും താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഇന്നലെ മാളിക്കടവിലെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചപ്പോഴുള്ള വൈശാഖന്‍റെ ഈ വാദത്തെ പൊളിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. യുവതി നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയതോടെയാണ് യുവതിയെ വൈശാഖന്‍ കല്ലായിയിലെ കൗണ്‍സിലിങ് സെന്‍ററില്‍ എത്തിച്ചത്. ഈ മാസം 20, 22 തിയതികളിലാണ് കൗണ്‍സിലിങ്ങിന് എത്തിയത്. ആദ്യ സന്ദര്‍ശനത്തില്‍ യുവതി തന്‍റെ ഭാര്യയാണെന്നാണ് കൗണ്‍സലറോട് വൈശാഖന്‍ പറഞ്ഞത്. എന്നാല്‍ അടുത്തദിവസം യുവതി ഇത് മാറ്റി പറഞ്ഞു.
കൊല്ലപ്പെടുന്ന 24-ാം തിയതി രാവിലെയാണ് യുവതി കൗണ്‍സലര്‍ക്ക് വാട്സാപ് ആപ്പ് സന്ദേശമയച്ചത്. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തന്‍റെ മരണത്തിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നാണ് സന്ദേശം. യുവതിയുടെ ഡയറിയുടെ പകര്‍പ്പും കൗണ്‍സലര്‍ക്ക് വാട്ടാസ് ആപ്പിലൂടെ അയച്ചു നല്‍കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നാണ് ഡയറികുറിപ്പിന്‍റെ ഉള്ളടക്കം. കൗണ്‍സലറുടെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈശാഖന്‍റെ വീട്ടിലെ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ് ഡിസ്കും പൊലീസ് പിടികൂടി