ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്തുവഴി കേരളത്തില്‍ എത്തിച്ചതായി കസ്റ്റംസ് കണ്ടെത്തി കസ്റ്റഡിയിലെടുത്ത കാര്‍ കാണാതായി. കോഴിക്കോട് മുക്കത്ത് സ്വകാര്യ ഗ്യാരേജില്‍ സൂക്ഷിച്ചിരുന്ന കാറാണ് കാണാതായത്. കഴിഞ്ഞ നവംബറിലായിരുന്നു കാര്‍ കംസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കസ്റ്റഡിയിലെടുത്തത്
ഭൂട്ടാനില്‍ നിന്ന് വ്യാപകമായി കള്ളക്കടത്ത് വഴി കേരളത്തിലേക്ക് എത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്താനായി കസ്റ്റംസ് പ്രവന്‍റീവ് വിഭാഗം നടത്തിയ ഓപ്പറേഷന്‍ നുംഖൂര് റെയ്ഡിന്‍റെ ഭാഗമായായിരുന്നു, കോഴിക്കോട് മുക്കത്തെ സ്വകാര ഗ്യാരേജിന് സമീപത്ത് നിന്ന് ആഢംബര കാര്‍ പിടികൂടിയത്. പരിശോധനയ്ക്കു ശേഷം കാര്‍ അതെ ഗ്യാരേജില്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് കാര്‍ കാണാതായ വിവരം അറിയുന്നത്. മുക്കം പൊലീസില്‍ കസ്റ്റംസ് പരാതി നല്‍കി. കാര്‍ പിടികൂടുന്ന സമയത്ത് ഹിമാചല്‍പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള ഉടമസ്ഥ രേഖകള്‍ കീറിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ നുംഖൂര്‍ പരിശോധനയുടെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ നിന്നായി കള്ളക്കടത്തിലൂടെ കേരളത്തില്‍ എത്തിച്ച 16 കാറുകള്‍ കണ്ടെത്തി. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.