തിരുവനന്തപുരം കാട്ടാക്കടയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ആത്മഹത്യ തടയാൻ ശ്രമിച്ച പെൺകുട്ടിക്ക് പൊള്ളലേറ്റു. നെടുമങ്ങാട് സ്വദേശി വിനു ആണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്തത്. കാട്ടാക്കട പോക്സോ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ദാരുണ സംഭവം നടന്നത്.
പെൺകുട്ടി ജോലി ചെയ്യുന്ന ഡിജിറ്റൽ പ്രിന്റിംഗ് പ്രസ്സിൽ രാവിലെ എത്തിയ വിനു, ബാഗിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. സ്ഥാപനത്തിനകത്തുള്ള മറ്റൊരു ജീവനക്കാരനോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇയാൾ സ്വയം തീകൊളുത്തിയത്. "നീ ആഗ്രഹിച്ചത് പോലെ ഞാൻ മരിക്കാൻ പോകുന്നു" എന്ന് പറഞ്ഞായിരുന്നു ജീവനൊടുക്കിയത്. ആത്മഹത്യ തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു.
പ്രണയത്തെ ചൊല്ലി സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും വിനു നേരത്തെ മെസേജ് അയച്ചിരുന്നു. വിനുവും പെൺകുട്ടിയും നേരത്തെ വിവാഹിതരാണെന്നാണ് വിവരം. ഒരു വർഷമായി പെൺകുട്ടി കാട്ടാക്കടയിലെ ഡിജിറ്റൽ പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്തു വരികയായിരുന്നു.