ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസില്‍  പാഞ്ചാലിമേട്ടിലെ റിസോർട്ട് ഉടമകളായ ദമ്പതികൾക്കെതിരെയും കുറ്റപത്രം സമർപ്പിച്ച് എൻസിബി. സൺസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍.കെ വർഗീസ്, ഭാര്യ അഞ്ജു എന്നിവർക്ക് പുറമെ കെറ്റാമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന്‍ ബാബുവും കേസിൽ പ്രതിയാണ്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 

എഡിസന്റെ സഹപാഠിയായ ഡിയോള്‍ വിദേശത്തേക്ക് കെറ്റമീന്‍ അയച്ചിരുന്നുവെന്നാണ് എന്‍സിബിയുടെ കണ്ടെത്തൽ. ആഗോള ലഹരിമരുന്ന് ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള എന്‍സിബിയുടെ അന്വേഷണത്തിലാണ് ദമ്പതികൾ കുടുങ്ങിയത്. കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികള്‍ക്ക് ബന്ധമില്ലെന്നും എൻസിബിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ജൂലൈയില്‍ ഓപ്പറേഷന്‍ 'മെലണ്‍'എന്ന പേരില്‍ കൊച്ചി എന്‍സിബി യൂണിറ്റ് നടത്തിയ നീക്കത്തിലാണ് രാജ്യാന്തരലഹരിക്കടത്തിലെ മലയാളി ബന്ധം പുറത്തായത്. രാജ്യത്തിന് അകത്തും പുറത്തും കുപ്രസിദ്ധമായ "കെറ്റാമെലോൺ" എന്ന ഡാര്‍ക് വെബ് ഡ്രഗ് കാര്‍ട്ടലിന്‍റെ ഉടമയായിരുന്നു മൂവാറ്റുപുഴക്കാരന്‍ എഡിസന്‍ ബാബു. കേരളത്തിലേക്കെത്തുന്ന പോസ്റ്റല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട എഡിസന്‍ ബാബു 2023 ലാണ് കെറ്റമെലോണ്‍ എന്ന പേരില്‍ ലഹരിയിടപാട് വ്യാപിപ്പിച്ചത്. 

ENGLISH SUMMARY:

Drug smuggling case: Resort owners in Panchalimedu are under investigation for smuggling drugs to Australia. The NCB investigation revealed their connection to a drug parcel seized in Kochi and involvement with the Ketamelon drug network.