കോഴിക്കോട് ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു. കരുവന്‍തുരുത്തി സ്വദേശി, 35കാരിയായ മുനീറയാണ് മരിച്ചത്.ഭര്‍ത്താവ് ജബ്ബാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്കടിമയാണെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു.
ബുധനാഴ്ച്ച രാവിലെയാണ് മുനീറയെ ജബ്ബാര്‍ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.കഴുത്തിനും തലയ്ക്കും കൈക്കും വെട്ടേറ്റ മുനീറ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ ആരോഗ്യനില വഷളായി. പിന്നാലെ മരണത്തിന് കീഴടങ്ങി.
ഫറോക്ക് കോളജിന് സമീപത്തെ കമ്പിളിപ്പുറം എന്ന സ്ഥലത്താണ് ജബ്ബാറും മുനീറയും താമസിച്ചിരുന്നത്. 6,7 വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. സമീപത്തെ സൂപ്പര്മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു മുനീറ. ലഹരിക്കടിമയായ ജബ്ബാര്‍ വല്ലപ്പോഴും മാത്രമേ കൂലിപണിക്ക് പോകാറുള്ളൂ.
ഒരു വര്‍ഷം മുമ്പും ജബ്ബാര്‍ ഭാര്യയെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഏറെക്കാലം വേര്‍പിരിഞ്ഞുതാമസിച്ച ഇരുവരും ബന്ധം പിരിയുന്ന ഘട്ടം വരെയെത്തി. പിന്നീട് മക്കളെയോര്‍ത്ത് മുനീറ തന്നെ മുന്‍കൈ എടുത്ത് ജബ്ബാറിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.