kannur

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് അതിഥിത്തൊഴിലാളിയായ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മര്‍ദനമേറ്റ് തൊട്ടടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി നയിം സല്‍മാനിയാണ് കഴിഞ്ഞ 26ന് രാവിലെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനത്തില്‍ കടയിലെത്തി മര്‍ദിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു.

ഫേഷ്യല്‍ ചെയ്തതിന്‍റെ 300 രൂപ കൂലിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു നയീമിന് മര്‍ദനമേല്‍ക്കാന്‍ കാരണം.. ജോലി കഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും മര്‍ദനമുണ്ടായെന്നും  പരാതിയുണ്ട്. കടയുടമ ജോണി സെബാസ്റ്റ്യന്‍റെ പരാതിയില്‍ ചെറുപറമ്പ് സ്വദേശികളായ ജിസ് വര്‍ഗീസ്, ജിബിന്‍ ചാക്കോ, അജയ് ദേവ്, കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ക്കുമെതിരെ കേസെടുത്തു

നയിം സല്‍മാനിയ്ക്ക് ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹൃദയാഘാതമെന്ന് പറയുന്നതിനാല്‍ മര്‍ദനത്തെ തുടര്‍ന്നാണോ ഹൃദയാഘാതമെന്ന് വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനും കേസുണ്ട്. മൃതദേഹം നയീമിന്‍റെ നാട്ടിലേക്ക് കൊണ്ടുപോയി,

ENGLISH SUMMARY:

Kannur barber death occurred after an altercation and subsequent collapse of a migrant worker in Sreekandapuram. The postmortem report indicates a heart attack, but the police are investigating the circumstances surrounding the death and alleged assault.