ഉത്തർപ്രദേശിൽ പട്ടാപ്പകൽ ബിസിനസുകാരനെ തോക്ക് ചൂണ്ടി കൊള്ളയടിച്ച സംഘത്തിലെ പ്രധാനി കൊച്ചിയിൽ നിന്ന് പിടിയിൽ. അന്തർസംസ്ഥാന കൊള്ളസംഘാംഗം ഉത്തർപ്രദേശ് സ്വദേശി റിഫാഖത്തിനെയാണ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ ഒരാഴ്ചയിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു റിഫാഖത്ത്.
ഈ മാസം പതിനഞ്ചിനാണ് നോയിഡ സ്വദേശി അജയ് പാലിനെ പന്ത്രണ്ടംഗ സംഘം കൊള്ളയടിച്ചത്. ലക്നൗ ഡൽഹി ഹൈവേയിൽ സരസ്വതി ഹോസ്പിറ്റലിന് സമീപം പട്ടാപകലായിരുന്നു കവർച്ച. ധാന്യ വ്യാപാരിയായ ഗോപാലിന്റെ സഹായി അജയ്പാലിനെയാണ് സംഘം ആക്രമിച്ച് 85 ലക്ഷം കവർന്നത്. ഇടപാടുകാരിൽ നിന്ന് പണം വാങ്ങി ബൈക്കിൽ സഞ്ചരിച്ച അജയ് പാലിനെ ബൈക്കിലും കാറിലുമെത്തിയ സംഘം ഹൈവേയിൽ ഇടിച്ച് വീഴ്ത്തി.
പരുക്കേറ്റ റോഡിൽ വീണുകിടന്ന അജയിക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം പണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. കടന്നുകളഞ്ഞ കൊള്ളസംഘത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. ഒരാഴ്ചയ്ക്കിടെ കൊള്ളസംഘത്തിലെ ഏഴ് പേർ ഉത്തർപ്രദേശ് ഹാർപൂർ പൊലീസിന്റെ പിടിയിലായി.
ഇവരിൽ നിന്നാണ് റിഫാഖത്ത് കൊച്ചിയിൽ ഒളിവിൽ കഴിയുന്ന വിവരം പൊലീസിന് ലഭിച്ചത്. തൊട്ടുപിന്നാലെ യുപിയിൽ നിന്നുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തി. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ റിഫാഖത്തിന്റെ ലൊക്കേഷൻ കണ്ടെത്തിയ യുപി പോലീസ് പ്രദേശത്തെ ലോഡ്ജുകളിൽ പരിശോധന നടത്തി.
സെൻട്രൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ റിഫാഖത്ത് പിടിയിലായി. പതിനായിരം രൂപയും ഇയാളിൽ നിന്ന് കണ്ടെത്തി. കൊള്ളയടിച്ച പണത്തിന്റെ ഒരു വിഹിതം റിഫാഖത്തിന് ലഭിച്ചിരുന്നുവെന്നാണ് വിവരം. ആഡംബര ജീവിതം നയിക്കാനാണ് പണം ഉപയോഗിച്ചതെന്നാണ് മൊഴി. കേസിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതിയെ ഉത്തർപ്രദേശിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.