എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
മഹാരാഷ്ട്രയിലെ നാന്ദെഡില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രാദേശിക നേതാവ് ഉമേഷ് രമേഷ് ലഖെ (25), സഹോദരന്‍ ബജ്‍രംഗ് രമേഷ് ലഖെ (22), ഇവരുടെ പിതാവ് രമേശ് ഹോനാജി ലഖെ (51), മാതാവ് രാധാഭായ് രമേശ് ലഖെ (44) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉമേഷും ബജ്‍രംഗും ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. വിവരമറിയിക്കാന്‍ ഇവരുടെ വീട്ടിലെത്തിയ ആളുകള്‍ കണ്ടത് രമേശിന്‍റെയും രാധാഭായിയുടെയും മൃതദേഹങ്ങള്‍.
മുദ്ഖേഡ് താലൂക്കില്‍പ്പെട്ട ജവ്‌ല മുരാഡ് ഗ്രാമത്തിലാണ് ദാരുണസംഭവം. മുഗാത് റെയില്‍വേ സ്റ്റേഷനുസമീപമുള്ള ട്രാക്കിലാണ് യുവാക്കളുടെ മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കുടുംബാംഗങ്ങള്‍ക്ക് ആരുടെയെങ്കിലും ഭീഷണിയുണ്ടായിരുന്നോ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നാലംഗ കുടുംബത്തിന്‍റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെ തികഞ്ഞ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും സജീവമായിരുന്ന രമേഷ് കുടുംബത്തോടൊപ്പം ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്നാണ് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും വിശ്വാസം. മൃതദേഹങ്ങള്‍ രാവിലെ തന്നെ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.