walayar-arrest-3

പാലക്കാട്‌ വാളയാർ ആൾക്കൂട്ടകൊലയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശി വിനോദ് കുമാർ കോൺഗ്രസ് പ്രവർത്തകനെന്ന് സ്പഷല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ട്. തദ്ദേശ തിരഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി സജീവമായി പ്രചാരണത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ വിനോദിനെ ഇന്നലെ രാവിലെയാണ് എസ്ഐടി പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകരും സിഐടിയു പ്രവർത്തകനും അറസ്റ്റിലായിരുന്നു. ഒളിവിലുള്ള എട്ടു പ്രതികൾക്കായി എസ്.ഐ.ടി അന്വേഷണം ഊർജിതമാക്കി. അതേസമയം, ആൾകൂട്ടകൊലയിൽ ദേശീയമനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി നാളെ തന്നെ സമർപ്പിക്കണമെന്നാണ് നിർദേശം.

31 കാരൻ രാംനാരായണനെയാണ് വാളയാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കഴിഞ്ഞ ബുധൻ വൈകീട്ടായിരുന്നു സംഭവം. 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത് 15 പേരാണ്. അതിൽ അഞ്ചോളം സ്ത്രീകളുമുണ്ട്. അവശനായി കിടന്നപ്പോഴും മർദ്ദനം തുടർന്നു. ആറുദിവസം മുമ്പാണ് റാംനാരായണ്‍ ഭയ്യര്‍ ഛത്തിസ്​ഗഡിലെ ഉള്‍ഗ്രാമമായ ശക്തിയില്‍ നിന്ന് കേരളത്തിലെ പാലക്കാട്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റംമോര്‍ട്ടം കഴിഞ്ഞ് മറ്റ് നടപടികളും പൂര്‍ത്തിയാക്കി രാംനരായണിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച് വിമാനമാര്‍ഗമാണ് ഛത്തിസ്ഗഡിലേക്ക് കൊണ്ടുപോയത്. 

കടുത്ത കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം എത്ര നൽകുമെന്നതിൽ ധാരണയായിട്ടില്ല. നൽകുമെന്ന മന്ത്രി കെ രാജന്റെ ഉറപ്പിലാണ് മൃതദേഹം കൊണ്ടുപോകാൻ കുടുംബം സമ്മതമറിയിച്ചത്. കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചതാണ് നിലവിൽ ആശ്വാസം. മന്ത്രി രാജനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.

ENGLISH SUMMARY:

Special Branch reports that Vinod Kumar, recently arrested in the Walayar mob lynching case, is a Congress worker. The victim, 31-year-old Ramnarayan from Chhattisgarh, was brutally beaten by a mob of 15. The National Human Rights Commission (NHRC) has demanded a report from the Chief Secretary.