സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ റിയാലിറ്റി ഷോ താരം ബ്ലസിലിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നു. മലപ്പുറം കൊല്ലം ജില്ലകളിലും തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിശദമായ ചോദ്യം ചെയ്യല്‍. ഹവാല ഇടപാടുകളിലൂടെയടക്കം കോടികള്‍ തട്ടുന്ന സംഘത്തിലെ കണ്ണിയാണ് ബ്ലസിലിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ബ്ലസിലി നടത്തിയ 22 ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പും പിന്നാലെയുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടും അന്വേഷിച്ചു പോയ പൊലീസ് കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാട്. ഇതാണ് വിശദമായ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടക്കാന്‍ കാരണം. അഞ്ച് ദിവസത്തേക്ക് ബ്ലസിലിയ കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സമാന രീതിയില്‍ മലപ്പുറത്തും കൊല്ലത്തും തട്ടിപ്പ് നടത്തിയ ബ്ലസിലിയുടെ കൂട്ടാളികളെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.ഇവര്‍ക്കായി അന്തര്‍ സംസ്ഥാന തലത്തിലേക്ക് അന്വേഷണം വ്യാപിപിച്ചു. വിവിധയിടങ്ങളില്‍ നിന്ന് തുച്ചമായ പണം നല്‍കി എ ടി എം കാര്‍ഡുകള്‍ വാടകയ്ക്ക് എടുത്ത് അത് വഴി പണം പിന്‍വലിക്കുന്നതിന്‍റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഈ അക്കൗണ്ടുകളിലേക്ക് പണം വരുന്നതും നിയമ വിരുദ്ധമായി എന്ന് കണ്ടെത്തിയിട്ടുണ്ട്.വിദേശ രാജ്യങ്ങളിലേക്ക് അടക്കം യാത്ര ചെയ്താണ് ഈ സംഘം ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ടാസ്ക്ക് ബേസ്ഡ് ജോലികള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്‍റെ തുടക്കം. ആദ്യം ചെറിയ തുകകള്‍ നല്‍കി ഇരകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുകകള്‍ ഇവരെ കൊണ്ട് നിക്ഷപിപ്പിക്കും. ഇങ്ങനെ തട്ടിപ്പിലുടെ ലഭിക്കുന്ന പണം മ്യൂള്‍ ബാങ്ക് അക്കൗണ്ട് വഴി ക്രിപ്റ്റോ കറന്‍സിയാക്കി വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് രീതി