നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തി വിഡിയോ ചെയ്തതിന് ബലാല്‍സംഗ കുറ്റവാളി മാര്‍ട്ടിന് എതിരെ തൃശൂരില്‍ കേസെടുത്തു. വീഡിയോ ഷെയര്‍ ചെയ്തവരേയും പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് മാര്‍ട്ടിന്‍. പള്‍സര്‍ സുനിയ്ക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന ആള്‍. അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്തുവെന്നതാണ് പ്രധാന കുറ്റം. ബലാല്‍സംഗമെ നടന്നിട്ടില്ലെന്നാണ് വീഡിയോയിലെ സന്ദേശം. വിചാരണക്കോടതി ബലാല്‍സംഗം കുറ്റത്തിന് ശിക്ഷിച്ചിട്ടും ഇതൊന്നും നടന്നിട്ടില്ലെന്നാണ് വിഡിയോയിലെ പരാമര്‍ശം. അതിജീവിതയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.
വിഡിയോ ഷെയര്‍ ചെയ്തവരും പിടിക്കപ്പെടും. ഇരുപത്തിയേഴ് നവമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. ഇവരെ, പ്രതിയാക്കി കേസെടുക്കാന്‍ നടപടി തുടങ്ങി. മാര്‍ട്ടിന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനാണ്. സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. മാര്‍ട്ടിന്‍റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്, അതിജീവിത തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയ്ക്കു പരാതി നല്‍കിയത്. വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നില്‍ സംഘടിതമായ ശ്രമമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്.