actress-attack-case-convicts

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. പൾസർ സുനി, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുക. ഇതിന് മുന്നോടിയായി ശിക്ഷയിൻമേൽ കോടതി വാദം കേൾക്കും. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) ഏറ്റവും കുറഞ്ഞത് 20 വർഷം വരെ കഠിന തടവോ, പരമാവധി ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാൽസംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കുമെതിരെ കണ്ടെത്തിയത്. കൂട്ടബലാൽസംഗം, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കൊപ്പം അന്യായമായി തടവിൽ വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ അടക്കമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. നടിയെ പീഡിപ്പിച്ചത് സുനി മാത്രമാണെങ്കിലും കുറ്റകൃത്യം നടക്കുമ്പോൾ മറ്റ് പ്രതികളുടെ സാന്നിധ്യവും അറിവും ഉണ്ടായിരുന്നു. കൂടാതെ ആസൂത്രണത്തിലും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതുകൊണ്ടാണ് ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ എല്ലാ പ്രതികൾക്കെതിരെയും നിലനിൽക്കുന്നത്.

രാവിലെ 11 നാണ് കേസ് കോടതി പരിഗണിക്കുക. കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത്. ദിലീപിനെ വെറുതെവിട്ടത് എന്ത് കാരണത്താലാണെന്ന ചോദ്യത്തിനും ഉത്തരം വിധിപ്പകർപ്പിലുണ്ടാകും. പീഡനദൃശ്യങ്ങളെ കോടതി എങ്ങനെ വിലയിരുത്തിയെന്നും, ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾക്ക് എന്ത് സംഭവിച്ചുവെന്നും അറിയണമെങ്കിൽ ഉത്തരവ് പുറത്തുവരണം.

ENGLISH SUMMARY:

The Ernakulam Principal Sessions Court is set to pronounce the sentence for the six convicts—Pulsar Suni, Martin Antony, Manikandan, Vijeesh, Vadival Salim, and Pradeep—found guilty in the actress assault case. The prosecution is expected to demand the maximum penalty for the convicts, who were found guilty of 10 serious offenses, including gang rape, which carries a minimum sentence of 20 years to a maximum of life imprisonment under the IPC. The court found that despite the physical assault being carried out primarily by one person, the presence, knowledge, and criminal conspiracy of the other five made them equally liable for all charges, including gang rape. The sentencing follows the acquittal of four accused, including actor Dileep, whom the court cleared citing insufficient evidence for criminal conspiracy.