തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാട്ടുമല ഷാരോണിന്‍റെ ഭാര്യ അര്‍ച്ചനയെ ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാരോണ്‍ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാന്‍ താന്‍ പറഞ്ഞതാണെന്ന് പിതാവ് ഹരിദാസ് മനോരമന്യൂസിനോട് വെളിപ്പെടുത്തി. ആറുമാസം ഗര്‍ഭിണിയായിരുന്നു തന്‍റെ മകളെന്നും ഷാരോണ്‍ കൊന്നിട്ടതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവു കേസിലടക്കം പ്രതിയായ ഷാരോണ്‍ ക്രൂരനാണെന്നാ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്തെ പരിചയമാണ് പിന്നീട് പ്രണയവും ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചതെന്നും ഹരിദാസ് വേദനയോടെ  പറയുന്നു. 

' വേണ്ടമോളേ അവന്‍ പൊട്ടയാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പറ‍ഞ്ഞു. അവന്‍ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിര്‍ത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാന്‍ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവന്‍റെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എന്‍റെ വീടിന് പിന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാ. അവന്‍ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവര്‍ക്കും അറിയാം. 

ഞാന്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ, അവള്‍ ഇഷ്ടത്തിന് പോയതല്ലേ, അതു കൊണ്ട് പഠിക്കട്ടെ എന്ന് അന്ന് പറഞ്ഞതാണ്. അതിനാണ് അവന്‍ ഇങ്ങനെയിട്ട് ഉപദ്രവിച്ചത്. കഞ്ചാവുകേസ്, മയക്കുമരുന്ന് എല്ലാമുണ്ട് അവന്‍റെ പേരില്‍. അവന്‍ എന്‍റെ കുഞ്ഞിനെ കൊന്നിട്ടതാണെന്നാ സംശയം. അമ്മയും പെങ്ങളുമൊക്കെ ഭയങ്കര ഉപദ്രവമാണ്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാ അവസാനം വിളിച്ചത്. ആറേഴ് മാസമായിട്ടുണ്ടാകും'- ഹരിദാസ് പൊട്ടിക്കരഞ്ഞു പറയുന്നു. 

ഹരിദാസിന്‍റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് അര്‍ച്ചന. ഏഴുമാസം മുന്‍പാണ് അര്‍ച്ചനയെ ഷാരോണ്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. സ്ത്രീധനം വീട്ടില്‍ നിന്ന് വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മകളുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് വിളിച്ചു കൊണ്ടുവരാന്‍ ഷാരോണിന്‍റെ അമ്മ പോയി മടങ്ങിയെത്തിയപ്പോഴാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടത്. വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലായിരുന്നു പൊള്ളിക്കരിഞ്ഞ് കിടന്നിരുന്നത്. ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. 

ENGLISH SUMMARY:

Archana, a six-month pregnant woman, was found burnt to death in a concrete canal behind her house in Varandarappilly, Thrissur. Her father, Haridas, tearfully alleged that her husband, Sharon, a known drug and cannabis case accused, murdered her after subjecting her to severe cruelty. Haridas stated he had warned Archana against Sharon, who used to live in their neighborhood. Police confirmed that Sharon, who has been taken into custody, subjected Archana to brutal harassment, demanding dowry from her family. Archana was the eldest of Haridas's three children and married Sharon seven months ago following a love affair. Forensic experts are conducting further investigation