കൊച്ചിയില്‍ നിന്ന് കാര്‍ മോഷ്ടിച്ച് പൊളിച്ചുവിറ്റ കൊടുംക്രിമനലുകളായ അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തെ പിടികൂടി പനങ്ങാട് പൊലീസ്. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കാസര്‍കോട് സ്വദേശികളായ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി സ്വര്‍ണക്കടത്ത്, ലഹരിക്കച്ചവടമടക്കം ഇരുപത്തിയഞ്ചിലേറെ കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.
2023 ജൂലൈ 28നാണ് നെട്ടൂര്‍ സ്വദേശി അവിന്‍ അശോകന്‍റെ പുത്തന്‍ സ്വിഫ്റ്റ് കാര്‍ മോഷണം പോയത്. പുലര്‍ച്ചെ ഒരുമണിക്ക് കാറിന്‍റെ സെന്‍ട്രല്‍ ലോക്കടക്കം തകര്‍ത്തായിരുന്നു മോഷണം. പനങ്ങാട് പൊലീസ് അന്ന് തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് പറവൂര്‍ വഴി കാര്‍ മലപ്പുറത്തും പിന്നീട് കാസര്‍ഗോഡ് എത്തിയതായും കണ്ടെത്തിയെങ്കില്‍ പ്രതികള്‍ ആരെന്ന് അന്ന് കണ്ടെത്താനായില്ല. രണ്ട് വര്‍ഷത്തിനിടെ ജയിലിലുളള വാഹനമോഷ്ടാക്കളെയടക്കം നൂറിലേറെ പേരെ ചോദ്യംചെയ്ത് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കാസര്‍ഗോഡ് സ്വദേശികളായ കെ.പി. അബൂബക്കര്‍, അബൂബക്കര്‍ സിദ്ദിഖി, ഷാജിദ് എന്നിവരാണ് മോഷ്ടാക്കളെന്ന് പൊലീസ് ഉറപ്പിച്ചു. പല കേസുകളിലും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച പ്രതികളെ സിഐ വിപിന്‍ദാസിന്‍റെ നേതൃത്വത്തില്‍ പിടികൂടി. തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും നീളുന്നതാണ് പ്രതികളുടെ കേസുകളുടെ പട്ടിക.
കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച കാര്‍ പ്രതികള്‍ കാസര്‍ഗോഡ് , കര്‍ണാടക അതിര്‍ത്തിയിലെത്തിച്ചാണ് പൊളിച്ചുവിറ്റത്. കാര്‍ കൈപ്പറ്റിയ ആളെ ഇനി പിടികൂടാനുണ്ട്. സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെയാണ് കാറിന്‍റെ സെന്‍ട്രല്‍ ലോക്ക് തകര്‍ത്തതെന്നാണ് പ്രതികളുടെ മൊഴി. ഇതുള്‍പ്പെടെ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പനങ്ങാട് സ്റ്റേഷനിലെ എസ്ഐ മുനീര്‍, എഎസ്ഐ രാജീവ്, സിപിഒമാരായ ശ്രീജിത്ത്, അരുണ്‍രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.