TOPICS COVERED

ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം  വാഹനം തടഞ്ഞു കൊള്ളയടിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. പണം നിറക്കാൻ കരാറെടുത്ത സ്ഥാപനമായ സിഎംഎസിന്റെ ഡ്രൈവർ, കവർച്ചയിൽ പങ്കെടുത്ത മൂന്നുപേർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നഷ്ടപ്പെട്ട പണത്തിൽ 6.29 കോടി  രൂപ കണ്ടെടുത്തു

പൊലീസ് ബുദ്ധിയിൽ മൂന്ന് മാസം നീണ്ടു പരിശീലനത്തിനൊടുവിൽ 15ദിവസം തുടർച്ചയായി  പിന്തുടർന്നായിരുന്നു ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക്  ജയനഗറിൽ  കൊള്ള നടത്തിയത്.പക്ഷെ ബെംഗളുരു പൊലീസ് ഒന്നടങ്കം  സടകുടഞ്ഞണീറ്റപ്പോൾ കേവലം 56 മണിക്കൂറിനുള്ളിൽ കൊള്ളയ്ക്ക്  തുമ്പുണ്ടായി.

കവർച്ചയിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ  ഹൈദരാബാദിൽ നിന്ന് പോലീസ് പിടികൂടി. ഹൈദരാബാദിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു ഇവർ.  53 ലക്ഷം രൂപ കണ്ടെടുത്തു. സി എം എസിന്റെ വാഹനം ഓടിച്ച ഡ്രൈവർ ഗോപാൽ വർമയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

കവർച്ച ആസൂത്രണം ചെയ്ത രണ്ടുപേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് 5.76 കോടി രൂപയും പിടിച്ചെടുത്തു. ഇതോടെ നഷ്ടപ്പെട്ട പണത്തിൽ 6 കോടി 29 ലക്ഷം രൂപ  വീണ്ടെടുക്കാൻ പോലീസിനായി. കവർച്ച ആസൂത്രണം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അന്നപ്പ നായിക്, സിഎംഎസിലെ മുൻജീവനക്കാരനായ മലയാളി ഡേവിഡ്. എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.  സി എം.എസിന്റെ ജീവനക്കാരും പൊലീസ് കോൺസ്റ്റബിൾ അന്നപ്പ നായിക്കും ചേർന്നാണ് കവർച്ച അസൂത്രണം ചെയ്തത്.  കൊള്ള സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് അവർക്ക് 3മാസം പരിശീലനം നൽകിയതും അന്നപ്പ നായിക്കായിരുന്നു.

3വാഹനങ്ങളിലായി 15ദിവസം സംഘം  എ.ടി എമ്മുകളിൽ പണം നിറയ്ക്കാൻ കൊണ്ടുപോകുന്ന വാഹനത്തെ പിന്തുടർന്നു. സാഹചര്യം  ഒത്തു വന്നതോടെ  ബുധനാഴ്ച ജയ നഗറിൽ വെച്ച്  കാർ കുറുകെയിട്ട്  കൊള്ള നടത്തുകായായിരുന്നു. കൊള്ള വിവരം പുറത്തറിഞ്ഞതിന് പിറകെ 15 ജോയിന്റ് കമ്മീഷണർമാരും ഡി സി പി മാരും ഉൾപ്പെട്ട 200അംഗ  ടീം രൂപീകരിച്ചു പൊലീസ് തിരച്ചിൽ തുടങ്ങി. കേരളം,തമിഴ് നാട്, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാനാ സംസ്ഥാനങ്ങളിൽ തുടർച്ചയായി നടത്തിയ തിരച്ചിലിന് ഒടുവിലാണ്  സംഘത്തെ പിടികൂടിയത്.