ragam-theatre-attack

തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുക്കാരന്‍ വെളപ്പായ സുനിലിനേയും ഡ്രൈവറേയും കുത്തിപ്പരുക്കേല്‍പിച്ച യുവാക്കളെ തിരിച്ചറിയാന്‍ ശ്രമം തുടരുന്നു. ആക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

രാഗം തിയറ്റര്‍ ഉടമ വെളപ്പായ സ്വദേശി സുനില്‍ ഇന്നലെ രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം സുനില്‍ വീട്ടില്‍ വിശ്രമത്തിലാണ്. 

ഡ്രൈവര്‍ ഇപ്പോഴും ആശുപത്രിയില്‍തന്നെ. തിയറ്റര്‍ നടത്തിപ്പിനു പുറമെ പണം വായ്പാ ബിസിനസും സുനില്‍ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് സംശയിക്കുന്നു. അക്രമികളെ തിരിച്ചറിയുകയാണ് പ്രാഥമികമായ വെല്ലുവിളി. സുനിലിന്‍റെ വീടിനു എതിര്‍വശത്തുള്ള പാലത്തിനടിയില്‍ നിന്നാണ് യുവാക്കള്‍ വന്നത്. സുനിലിന്‍റെ വരവ് കാത്ത് വീടിനു മുമ്പില്‍ അക്രമികള്‍ തമ്പടിച്ചിരുന്നു. യുവാക്കളെ പിടികൂടിയാല്‍ മാത്രമെ, ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വ്യക്തമാകൂ. തൃശൂര്‍ എ.സി.പി : കെ.ജി.സുരേഷിന്‍റെ നേതൃത്വത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Ragam Theatre manager Sunil was attacked by a three-member quotation gang outside his home in Velappaya, Thrissur. The attack occurred as his driver was opening the gate. Sunil, who was inside the car, suffered a stab wound to his leg. The driver, Aneesh, was also injured with a cut to his hand. The attackers also damaged the car's window. Police suspect a financial dispute to be the motive behind the organized attack