palathayi-pocso-case

പാലത്തായി പീഡനക്കേസിലെ പ്രതി കടവത്തൂർ മുണ്ടത്തോടിലെ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ഏറെ വിവാദമായ കേസിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി പോക്‌സോ സ്‌പെഷൽ കോടതി ജഡ്‌ജി എം.ടി. ജലജ റാണി വിധിച്ചത്.  

2020 മാർച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയായിരുന്നു തുടക്കം. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടും സംഘപരിവാർ അധ്യാപക സംഘടനയായ എൻടിയുവിന്‍റെ ജില്ലാ നേതാവുമായിരുന്ന പ്രതി കെ.കെ.പത്മരാജൻ പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയർന്നതോടെ പോക്സോ ചുമത്തി കേസെടുത്തു.

ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ വിമർശനങ്ങൾ ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ അലംഭാവം കാട്ടി. 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. പോക്സോ ചുമത്താത്തതിനാൽ ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു.

ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു. 2024 ഫെബ്രുവരി 23നാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല്‌ അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. സ്വകാര്യഭാഗത്ത്‌ മുറിവുണ്ടായതിന്റെയും തുടർന്ന്‌ ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പി.എം. ഭാസുരിയും പ്രതിഭാഗത്തിന് വേണ്ടി പി. പ്രേമരാജനും ഹാജരായി.

ENGLISH SUMMARY:

Palathai Rape Case verdict: The accused, K. Padmarajan, in the Palathai rape case, has been found guilty by the court. The sentencing will be pronounced tomorrow.