ചെന്നൈയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ബൈക്ക് യാത്രികനെ ചൂലുകൊണ്ടടിച്ച് ശുചീകരണ തൊഴിലാളി. തിങ്കളാഴ്ച പുലർച്ചെ അഡയാർ പാലത്തിന് സമീപം വെച്ചാണ് സംഭവം. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം അതിരാവിലെ ജോലി ചെയ്യുന്ന മുനിസിപ്പല്‍ ജീവനക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്. ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
രാവിലെ 50കാരി റോഡ് ശുചിയാക്കുന്നതിനിടെയാണ് ഹെൽമെറ്റ് ധരിച്ച ഒരാൾ തന്റെ ബൈക്കില്‍ വന്നെത്തുന്നത്. മുന്നില്‍ ബൈക്ക് നിര്‍ത്തിയതോടെ വൃത്തിയാക്കാൻ വാഹനം മാറ്റാൻ ആവശ്യപ്പെട്ട് അവര്‍ അടുത്തേക്ക് ചെല്ലുകയായിരുന്നു. പെട്ടെന്ന് ബൈക്ക് യാത്രികൻ തന്റെ പാന്‍റിന്‍റെ സിപ് തുറക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ‘ഒരു കോളജ് വിദ്യാര്‍ഥിയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൻ പാന്‍റിന്‍റെ സിപ് തുറന്നു. ഞാൻ ഞെട്ടിപ്പോയി. കയ്യിലുണ്ടായിരുന്ന ചൂലെടുത്ത് ഞാനവനെ അടിച്ചു’ ശുചീകരണ തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. അതേസമയം, സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞു. ഇത് അതിരാവിലെ ജോലി ആരംഭിക്കുന്ന ശൂചീകരണ തൊഴിലാളികളുയെ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് 50കാരിയും ആവശ്യപ്പെടുന്നുണ്ട്. ‘ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് സംരക്ഷണം വേണം’ അവർ പറഞ്ഞു.