mubeena-arrest

TOPICS COVERED

ആൾമാറാട്ടം നടത്തി യുവാവിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ്‌ എറണാകുളത്തുവെച്ച് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.

താൻ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവിൽപ്പാട്ടെ പൂജാരിയിൽനിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.2023-ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ എറണാകുളത്തെ ഷോപ്പിങ് മാളിൽനിന്നാണ് ഇവരെ പിടികൂടിയത്.

ഡോക്ടറായ താന്‍ മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനാണെന്ന് പറഞ്ഞാണ് ഇവര്‍ പൂജാരിയെ സമീപിച്ചത്. മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്നും പുരുഷന്‍മാരായ അവകാശികളില്ലാത്തതിനാല്‍ പൂജാരിയെ ദത്തെടുക്കാന്‍ തയാറാണെന്നും പറഞ്ഞ ഇവര്‍ പൂജാരിയെ ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞാണ് പൂജാരിയെ ഇവര്‍ പരിചയപ്പെട്ടത്.വിശ്വാസം നേടിയെടുക്കുന്നതിനായി ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തില്‍ നിന്നതിന് ശേഷം സഹായികളെ ഉള്‍പ്പെടെ ഉപയോഗിച്ച് പൂജാരിയെ ആശുപത്രിയില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. താന്‍ നിര്‍മിക്കുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച മുബീന 'ഡോക്ടര്‍ നിഖിത'യായി 68 ലക്ഷം രൂപ പല തവണയായി കൈപ്പറ്റിയത്.

ENGLISH SUMMARY:

Fraud arrest: A woman who defrauded a young man of 68 lakh rupees by impersonation and went into hiding has been arrested. The woman was apprehended in Ernakulam by Palakkad Town South Police.