bua-attack

TOPICS COVERED

ബസ്  വൈകിയതിന് അന്തർ സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദനം. കോട്ടയം തിരുനക്കരയിൽ വച്ചാണ് ഡ്രൈവർ കിളിമാനൂർ സ്വദേശി അജിത്തിനെ യാത്രക്കാരായ നാല് യുവാക്കൾ മർദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന മർദനത്തിന്‍റെ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.

പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. ചിങ്ങവനത്തു നിന്നും കോടിമതയിൽ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ നാലു യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 5 30ന് ചിങ്ങവനത്ത് എത്തേണ്ടിയിരുന്ന ബസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി 15 മിനിട്ട് വൈകിയാണ് എത്തിയത്. ചിങ്ങവനത്ത് ബസ് കാത്തുനിന്ന യുവാക്കൾ തൊട്ടടുത്ത ജംക്ഷനിൽ നിന്നാണ് ബസ്സിൽ കയറിയത്. ബസ് പിന്നീട് കോടിമതയിൽ എത്തിയപ്പോൾ ബസ് വൈകിയതിനെ  ചൊല്ലി തർക്കമായി. യാത്രക്കാർ നാലുപേരും ഒരുമിച്ച് അജിത്തിനെ മർദിക്കുകയായിരുന്നു. ബസ് വൈകിയെന്നും പണം തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം.

മർദനമേറ്റ ഡ്രൈവർ അജിത്ത്  ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരായ യുവാക്കൾ തിരുനക്കരയിൽ വച്ച് ബസ്സിൽ നിന്നിറങ്ങി പോവുകയും ചെയ്തു. മനു മോഹൻ, സഞ്ജു, അനന്തു ഉൾപ്പെടെ നാലുപേർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.