ai generated image
പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവ്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്നാട് സർക്കാരിനോട് തിരുച്ചിറപ്പള്ളി മഹിളാ കോടതി നിർദേശിച്ചു.
തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി.
പ്രായപൂർത്തിയാവാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ലളിതയ്‌ക്കെതിരേ പൊലീസ് കുറ്റം ചുമത്തി. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു