വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ ആക്രമിച്ച പ്രതി യാത്ര തുടങ്ങും മുമ്പ് ബാറിൽ ഇരുന്ന് മദ്യപിച്ചതിന്റെ തെളിവുകൾ പുറത്ത്. പത്തൊന്‍പതുകാരി ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടിയിട്ട പ്രതി സുരേഷ് കുമാർ കോട്ടയത്തെ ബാറിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം,ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
ശ്രീക്കുട്ടിയെ പിന്നിൽ നിന്നും ചവിട്ടി ട്രെയിനിൽ പുറത്തേക്കിട്ട പ്രതി സുരേഷ് കുമാർ ബാറിൽ ഇരുന്ന് ഏറെ നേരമാണ് മദ്യപിച്ചത്. കോട്ടയത്തു നിന്നും കേരള എക്സ്പ്രസിൽ കയറുന്നതിന് തൊട്ടുമുൻപ് പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളോടൊപ്പം ഒരു സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. ട്രെയിനിൽ അതിക്രമം നടത്തിയത് താൻ അല്ലെന്നും മദ്യപിച്ചിരുന്നില്ല എന്നുമുള്ള പ്രതിയുടെ അവകാശവാദങ്ങളെ തള്ളുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ട്രെയിനില്‍ കയറിയപ്പോഴും പ്രതി മദ്യം കരുതിയിരുന്നു.
കോട്ടയത്തെ ബാറിൽ നിന്നും പോലീസ് ശേഖരിച്ച് ദൃശ്യങ്ങൾ റെയിൽവേ പോലീസിന് കൈമാറി. ഇത് കോടതിയിൽ ഹാജരാക്കും. അതേ സമയം ശ്രീക്കുട്ടിയുടെ ആരോഗ്യനികമായ പുരോഗതിയില്ല. ശ്രീക്കുട്ടിക്ക് ഒരുതരത്തിലും ഉള്ള ഉണർവില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടറെ ജയചന്ദ്രൻ പറഞ്ഞു. തലച്ചോറിലേറ്റ ക്ഷതമാണ് ആരോഗ്യ നില വഷളാക്കിയിരിക്കുന്നത് . ന്യൂറോളജി, ന്യൂറോ സർജറി, അതിതീവ്ര പരിചരണ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് പ്രധാനമായും ശ്രീക്കുട്ടിയെ നോക്കുന്നത്.