സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പിന്റെ കാർ മൂവാറ്റുപുഴയിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ഇടുക്കി സ്വദേശികളായ അൻവർ നജീബ്, ബാസിം നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ഇന്നലെ മൂവാറ്റുപുഴ സിഗ്നലിൽ വെച്ചാണ്. ബിഷപ്പ് സഞ്ചരിച്ച കാറിനെ ആക്രമണത്തിന് മുൻപ് പെരുമ്പാവൂരിൽ നിന്ന് ലോറിയിൽ പിന്തുടർന്നെത്തുകയായിരുന്നു.
പെരുമ്പാവൂരിന് സമീപം വെച്ച് ബിഷപ്പിന്റെ കാറും പ്രതികൾ സഞ്ചരിച്ച ലോറിയും തമ്മിൽ ചെറിയ രീതിയിൽ കൂട്ടിയിടിച്ചിരുന്നു. ഇത് കാര്യമായ അപകടമല്ലാത്തതിനാൽ ബിഷപ്പ് പാലായിലേക്കുള്ള യാത്ര തുടർന്നു. എന്നാൽ, ലോറി ഡ്രൈവറായ പ്രതി ബിഷപ്പിന്റെ കാറിനെ പിന്തുടരുകയായിരുന്നു.
മൂവാറ്റുപുഴ സിഗ്നലിൽ വെച്ച് ബിഷപ്പിന്റെ കാറിന് കുറുകെയിട്ട് ലോറി നിർത്തിയ ശേഷം ഡ്രൈവർ ആക്രമണം നടത്തുകയായിരുന്നു. കാറിന്റെ ഹെഡ്ലൈറ്റുകളും പിന്നിലെ ലൈറ്റുകളും അടിച്ചുതകർത്തു. ആക്രമണശേഷം പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും ലോറി ഡ്രൈവർ ഉടൻ തന്നെ സ്ഥലം വിട്ടിരുന്നു.