കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥന് റെയിൽവേ ഗേറ്റ് കീപ്പറുടെ മർദനം. പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനായ ശശിധരനെ മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മമ്പറം സ്വദേശിയും മുൻ സൈനികനുമായ ധനേഷിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ അർധരാത്രിയിലാണ് ഒന്നാം പ്ലാറ്റ്‌ഫോമിലെ സ്ത്രീകളുടെ വിശ്രമമുറിയുടെ മുൻവശത്ത് കിടന്നുറങ്ങുമ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരൻ മമ്പറം സ്വദേശി ധനേഷിനോട് ടിക്കറ്റ് ആവശ്യപ്പെടുന്നത്. ഇത് ഇഷ്ടപ്പെടാതിരുന്ന ധനേഷ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ കടിക്കുകയായിരുന്നു. ഇതോടെ റെയിൽവേ പോലീസ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ആർപി ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ ഘടിപ്പിച്ചിരുന്ന 15,000 രൂപ വില വരുന്ന ക്യാമറയും ആക്രമണത്തിൽ നശിച്ചു. കാസർഗോഡ് ഉപ്പളയിലെ ഗേറ്റ് കീപ്പറായി ജോലി ചെയ്തിരുന്ന ആളാണ് മമ്പറം സ്വദേശിയായ പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കാസർകോട്ടേക്ക് പോകാൻ വേണ്ടിയാണ് പ്രതി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നത്.