AI Generated Image
ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച സമയം അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറഞ്ഞ ശേഷം വീട്ടുകാര്‍ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിയോട് വഴി ചോദിച്ചാണ് സ്കൂട്ടറിലെത്തിയയാള്‍ പരിചയപ്പെടുന്നത്. വഴി പറഞ്ഞു കൊടുത്തെങ്കിലും ഇയാൾ തൃപ്തനായില്ല. പിന്നീട് വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാർഥി ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു.