മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്തുകൊന്ന മകൻ കസ്റ്റഡിയില്‍. കല്ലിയൂർ സ്വദേശിനി വിജയകുമാരി (77) ആണ് മരിച്ചത്. കോസ്റ്റ് ഗാർഡില്‍ നിന്ന് വിരമിച്ച മകൻ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ക്രൂരമായ കൊലപാതകം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അന്‍പത്തഞ്ചുകാരനായ അജയകുമാർ മദ്യത്തിന് അടിമയായിരുന്നു. സൈനിക ക്വാട്ടയിൽ ലഭിച്ച മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നു. മദ്യപിച്ചുലക്കുകെട്ട അജയകുമാര്‍ രാത്രി വീണ്ടും മദ്യക്കുപ്പി എടുക്കാൻ ശ്രമിച്ചപ്പോൾ അമ്മ തടഞ്ഞു.
വാക്കുതർക്കം രൂക്ഷമായതോടെ അജയകുമാർ കത്തിയെടുത്ത് അമ്മയുടെ വയറ്റിൽ കുത്തി. വിജയകുമാരി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. പിന്നാലെ ഓടിയ അജയകുമാര്‍ വിജയകുമാരിയെ വീടിന്‍റെ തിണ്ണയോട് ചേർത്ത് നിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പുറമെ കയ്യിലെയും കാലിലെയും ഞരമ്പുകൾ അറുത്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മദ്യത്തിനടിമയായ അജയകുമാറിനെ അഞ്ചുവട്ടം ഡീ-അഡിക്ഷൻ സെന്‍ററില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. അമ്മയും മകനും തമ്മിൽ മുൻപും വഴക്കുകൾ പതിവായിരുന്നു. കൊലപാതകത്തിന് ശേഷം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അജയകുമാർ, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ മദ്യക്കുപ്പികൾ എറിയാൻ ശ്രമിച്ചെന്നും സമീപവാസികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.