കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്‍റുമാരെ ഇടനിലക്കാരാക്കി ഗൂഗിള്‍പേ വഴി കോഴ വാങ്ങി ഉദ്യോഗസ്ഥര്‍. വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ കൈമാറുന്ന ആറ് ഏജന്‍റുമാരെ പിടികൂടി. വന്‍ തുകയാണ് ആളുകളില്‍ നിന്ന് ഏജന്‍റുമാര്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തല്‍.
ആര്‍ടി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഏജന്‍റുമാര്‍ സമീപിക്കുന്നത്. ഓഫീസിന് മുന്‍വശത്തെ കിയോസ്ക് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട്. ഇതില്‍ നിന്ന് പങ്കുപറ്റുകയാണ് ഉദ്യോഗസ്ഥരെന്ന് നിരന്തരം പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. അങ്ങനെയാണ് മിന്നല്‍ റെയ്ഡ് നടത്തിയത്.
പരാതി ശരിവെക്കുന്ന തരത്തിലായിരുന്നു കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി സൂക്ഷിച്ച 67,500 രൂപയും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് ഗൂഗിള്‍പേ വഴി 2400 രൂപ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ടും വാട്സാപ്പ് വോയ്സ് മെസേജും കണ്ടെത്തി. ആളുകളെ ക്യാന്‍വാസ് ചെയ്തായിരുന്നു തട്ടിപ്പ് നടന്നുവന്നിരുന്നത്. ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നുമാണ് കണ്ടെത്തല്‍.