സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 65 കാരനെ വാളിന് വെട്ടിക്കലപ്പെടുത്തി. ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ കൗലോദിഹാരി ഗ്രാമത്തിലെ ചന്ദ്രമ യാദവാണ് അതിക്രൂരമായ കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ചന്ദ്രമയുടെ ഗ്രാമത്തിലെ ഒരു കുട്ടി സമൂസ വാങ്ങാന്‍ കടയില്‍ പോയി. അവിടെ വെച്ച് മറ്റ് ചില കുട്ടികളുമായി തർക്കത്തിലേർപ്പെട്ടു. അവർ കുട്ടിയുടെ സമൂസ തട്ടിയെടുക്കുകയും ആക്രമിക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്യാനാണ് ചന്ദ്രമ കടയിലേക്ക് പോയത്. എന്നാല്‍ സംസാരം തര്‍ക്കത്തിലേക്ക് നീങ്ങുകയും ഒരു സ്ത്രീ വാളെടുത്ത് വൃദ്ധന്‍റെ തലയില്‍ വെട്ടുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ചന്ദ്രമയെ ഉടന്‍ തന്നെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ചയോടെ അദ്ദേഹം മരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയോധികനെ ആക്രമിച്ച സ്ത്രീക്കായി തിരച്ചില്‍ ആരംഭിച്ചു.