attingal-asna

TOPICS COVERED

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. വടകര സ്വദേശി അസ്മിനയെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരനായ ജോബി തന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയാണ് അസ്മിനയ്ക്ക് മുറിയെടുത്തതെന്ന് പൊലീസ് കണ്ടെത്തി. പ്രതി ജോബിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ രാവിലെയാണ് 40 കാരിയായ വടകര സ്വദേശിനി അസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാകെ കുപ്പി കൊണ്ട് കുത്തിയ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഇതേ ലോഡ്ജിൽ ജീവനക്കാരനായി എത്തിയ കായംകുളം സ്വദേശി ജോബി ജോർജ് തന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയാണ് അസ്മിനയ്ക്ക് മുറിയെടുത്തെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഇന്നലെ ജോബിയെ കാണാൻ മറ്റൊരാൾ ലോഡ്ജിൽ എത്തിയിരുന്നു. രാവിലെ ജോബിയെയും ആ വ്യക്തിയേയും കാണാത്തതിനെത്തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോബി പുലർച്ചെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. തിരിച്ചറിയൽ രേഖകൾ ഒന്നും നൽകാതെയാണ് ജോബി ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ചത്. ജോബിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിൽ ജോബിക്ക് പുറമേ ആരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ അസ്മിനയും ജോബിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Attingal Murder Case: A woman was found dead in a lodge in Attingal, Thiruvananthapuram, and police have confirmed it was a murder. The investigation is ongoing, focusing on the prime suspect, Jobi George.