wife-murder-borewell

കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍.

ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. കിണറിന്റെ മുഖം കോണ്‍ക്രീറ്റ് അടയ്ക്കുകയും ചെയ്തു. 

എന്നാല്‍ ഭാര്യയുടെ ആത്മാവ് പ്രേതരൂപത്തിൽ വന്നാൽ മാത്രമേ പിടിക്കപ്പെടൂവെന്നായിരുന്നു വിജയ്‌യുടെ വിശ്വാസം. തുടര്‍ന്ന് വിജയ്, ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തിൽ അടിച്ചു കയറ്റി. വീട്ടിനകത്ത് ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ച ശേഷം കണ്ണിൽ ഒരു ആണിയും തറച്ചു. പിടിക്കപ്പെടില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാൻ മൂന്നു മൃഗങ്ങളെ ബലിയും നൽകി. പൊലീസെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവർ പോലും വിവരം അറിഞ്ഞത്. കേസില്‍ കൊലപാതക വിവരം മറച്ചുവയ്ക്കാൻ കൂട്ടുനിന്നതിന് വിജയ്‌യുടെ അച്ഛൻ ഗോവിന്ദപ്പയും അമ്മ തായമ്മയും അറസ്റ്റിലായിട്ടുണ്ട്.

ENGLISH SUMMARY:

A shocking case of blind faith has emerged from Chikkamagaluru, Karnataka, where a man killed his wife and hid her body in a borewell. To avoid arrest, he performed rituals including animal sacrifice and “spirit-binding.” Police arrested the husband and his parents for the brutal crime.