രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസില്‍ കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ മൂന്ന് യുവാക്കള്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ പിടിയില്‍. വിദേശത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ മാഫിയയ്ക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ അക്കൗണ്ട് തരപ്പെടുത്തി നല്‍കിയവരാണ് പിടിയിലായത്. പന്തീരങ്കാവിലെ ഫ്ലാറ്റില്‍ നിന്ന് ഇരുനൂറിലേറെ സിം കാര്‍ഡുകളും നൂറിലേറെ അക്കൗണ്ടുകളുടെ വിവരങ്ങളും കണ്ടെത്തി.
എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പിനിരയായത്. കാപിറ്റലിക്സ്.കോം എന്ന വെബ്സൈറ്റിന്‍റെ ഷെയര്‍ ട്രേഡിങ് വഴി 25 കോടി രൂപയാണ് സൈബര്‍ മാഫിയ തട്ടിയത്. തട്ടിപ്പ് നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പരാതി ലഭിച്ചെങ്കിലും തട്ടിപ്പില്‍ പങ്കാളികളായ പ്രധാനികളെ പിടികൂടാന്‍ സൈബര്‍ പൊലീസിന് സാധിച്ചു.
പന്തീരങ്കാവ് സ്വദേശികളായ പി.കെ. റഹീസ്, വി. അന്‍സാര്‍, അനീസ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. പന്തീരങ്കാവിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. എളംകുളം സ്വദേശിയില്‍ നിന്ന് തട്ടിയ 25 കോടി ഇവരുടെ നിയന്ത്രണത്തിലുള്ള നൂറിലേറെ അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ലഭിച്ച പണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപ ഇവര്‍ പിന്‍വലിച്ച് സ്വന്തം പോക്കറ്റിലാക്കി.
ട്രേഡിങെന്ന പേരിലായിരുന്നു മൂവര്‍ സംഘത്തിന്‍റെ ദുരൂഹ ഇടപാടുകളത്രയും. തട്ടിപ്പ് പണം കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന ചുമതല റഹീസിനായിരുന്നു. സിംകാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നത് അനീസും.
കൂടുതല്‍ സാമ്പത്തിക കുറ്റക്യത്യങ്ങളിലും മൂവരും പങ്കാളികളാണെന്നാണ് സൂചന. തട്ടിപ്പിന്‍റെ ബുദ്ധികേന്ദ്രത്തിലേക്ക് എത്താന്‍ ഇനിയും പൊലീസിനായിട്ടില്ല. കാപ്പിറ്റലിക്സ് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം തടയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.
തട്ടിപ്പിനാണെന്ന് അറിഞ്ഞുകൊണ്ട് കമ്മിഷന്‍ വ്യവസ്ഥയില്‍ ഇവര്‍ക്ക് അക്കൗണ്ടുകള്‍ വിറ്റവരും കേസില്‍ പ്രതിയാകും. കൊല്ലം സ്വദേശി സുജിതയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രതികള്‍ അക്കൗണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. സൈബര്‍ സിഐ ഷമീര്‍ഖാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.