TOPICS COVERED

തമിഴ്നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ മലയാളി ദിണ്ടിഗല്‍ ജയിലില്‍ മരിച്ചു. 2012ല്‍ നടന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ  കൊച്ചി തൈക്കൂടം സ്വദേശി പ്രതീഷ് വര്‍ഗീസിനെ രണ്ടുദിവസം മുന്‍പാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ നിന്ന് ജയിലില്‍ എത്തിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് മരണം. 

ഉള്‍പ്പാര്‍ട്ടി പോരിനെത്തുടര്‍ന്ന് ഡിഎംകെ എംപി ജെ.കെ.റിതേഷ് തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വരിചിയൂര്‍ സെല്‍വത്തിന് നല്‍കിയ ക്വട്ടേഷനാണ് ഗുണ്ടാനേതാവ് മരട് അനീഷിന്‍റെ സംഘം ഏറ്റെടുത്തത്.  ഡിണ്ടിഗലിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളുമായി പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ വൈറ്റില ചമ്പക്കര സ്വദേശി സിനോജ് വെടിയേറ്റ് മരിച്ചിരുന്നു. പ്രതീഷിന്‍റെ മരണം മജിസ്ട്രേറ്റ്തല അന്വേഷണത്തിനുശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് ഭാഷ്യം.

ENGLISH SUMMARY:

A Malayali accused in the kidnapping of a DMK leader in Tamil Nadu has died in Dindigul Jail. The deceased, Pratheesh Varghese from Thykoodam, Kochi, had been absconding after being released on bail in connection with the 2012 case. Tamil Nadu Police had arrested him two days ago, and he died last night soon after being taken to jail from court.