പാലക്കാട് കല്ലടിക്കോട്ട് രണ്ടു യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ നിധിന്റെ അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചതിലുണ്ടായ തർക്കമെന്ന് നിഗമനം. തർക്കത്തിന് പിന്നാലെ തോക്കുമായെത്തിയ ബിനു നിധിനെ വീടിന്റെ അകത്തു കയറി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബിനുവിന്റെത് കള്ളതോക്കാണെന്നും പൊലീസ് കണ്ടെത്തി.
അയൽക്കാരായ ബിനുവിനും നിധിനുമിടയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. വെടിവെച്ചതിന്റെ ഒരുമണിക്കൂർ മുമ്പും തർക്കമുണ്ടായി. അതോടെയാണ് നിധിനെ വകവരുത്താൻ ബിനു തീരുമാനിച്ചത്. മൃഗങ്ങളെ വേട്ടയാടാൻ സൂക്ഷിച്ച നാടൻ തോക്കുമായി നിധിന്റെ വീട്ടിൽ കയറിയ ബിനു വെടിയുതിർത്തുവെന്നാണ് പൊലീസ് കരുതുന്നത്. കത്തി വെച്ച് പ്രതിരോധിക്കാൻ നിധിൻ തുനിഞ്ഞെങ്കിലും അപ്പോഴേക്കും വെടിയേറ്റിരുന്നു. മരണം ഉറപ്പാക്കി പുറത്തിറങ്ങിയ ബിനു സ്വയം വെടിയുതിർത്തു.
കൃത്യത്തിനു ഉപയോഗിച്ച തോക്കിനു ലൈസൻസില്ല. ബിനുവിന്റെ പക്കൽ നിന്ന് 17 വെടിയുണ്ടകളും കണ്ടെത്തി. നാട്ടുകാരിൽ നിന്നും അയൽകാരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു വരികയാണ്. ഇരുവർക്കുമിടയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, തോക്ക് എവിടെ നിന്ന് വന്നു, ബിനുവിന്റെയും നിധിന്റെയും പശ്ചാത്തലം എന്നിവയും പരിശോധിക്കുന്നുണ്ട്. വെടിയൊച്ച കെട്ടിരുന്നില്ലെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാകും സംഭവത്തിൽ കൂടുതൽ വ്യക്തത വരിക