ആർഎസ്എസ് ശാഖയിൽ പലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു .ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്.
അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയിൽ നടന്ന അതിക്രമങ്ങൾ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തൽ സത്യമെങ്കിൽ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളിൽ പങ്കെടുക്കുന്നുണ്ട്. ആർഎസ്എസ് നേതൃത്വം നടപടിയെടുത്ത് ആരോപണത്തിൽ ശുദ്ധി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പെൺകുട്ടികൾക്കെതിരെ എന്ന പോലെ തന്നെ ആൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തിൽ സംഘപരിവാർ മൗനം വെടിയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നൽകി.
ആർഎസ്എസ് പ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. അനന്തുവിന്റെ അച്ഛൻ അജി ജീവിച്ചിരിപ്പില്ല.
ആർഎസ്എസിൽ ഇരകൾ വേറെയുമുണ്ട്. സംഘടനയിൽനിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് തുറന്നുപറയാൻ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നു. പിതാവാണ് ആർഎസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കൾ കുട്ടികളെ സ്നേഹം നൽകി വളർത്തണമെന്നും അവരെ കേൾക്കാൻ തയാറാകണമെന്നും കുറിപ്പിലുണ്ട്.