lakshmi-actress

കൊച്ചിയില്‍ ഐടി ജീവനക്കാരനെ യുവനടി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസ് ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്ന് ഐ.ടി.ജീവനക്കാരൻ ഹൈക്കോടതിയെ അറിയിച്ചു.  ഇതോടെ കേസിലെ പ്രധാന പ്രതിയായ നടി ലക്ഷ്മി.ആര്‍.മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

കൊച്ചിയിൽ ഐ.ടി ജീവനക്കാരനെ നടി ലക്ഷ്മി.ആർ.മേനോൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതി വലിയ ചർച്ചയായിരുന്നു. എന്നാൽ തെറ്റിദ്ധാരണയുടെ പേരിലാണ് പരാതി നല്‍കുന്ന സാഹചര്യമുണ്ടായതെന്നാണ് മര്‍ദ്ദനമേറ്റ ഐടി ജീവനക്കാരന്‍ ആലുവ സ്വദേശി അലിയാര്‍ ഷാ' സലിം ഹൈക്കോടതിയെ അറിയിച്ചത്. തെറ്റിദ്ധാരണ മാറിയെന്നും, ലക്ഷ്മി മേനോന്‍ ഉൾപ്പടെയുള്ള പ്രതികള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ലെന്നും പരാതിക്കാരൻ സത്യവാങ്മൂലം നൽകി. ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ലക്ഷ്മി.ആര്‍.മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹർജിക്കാരിക്ക് സിംഗിൾ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

ഓഗസ്റ്റ് 24ന് രാത്രി കൊച്ചി ബാനര്‍ജി റോഡില്‍ നടി ലക്ഷ്മി.ആര്‍.മേനോന്റെ നേതൃത്വത്തില്‍  ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്.  വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളായ മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരായിരുന്നു പ്രതികള്‍. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍, അസഭ്യ വര്‍ഷം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രതികളെ എറണാകുളം നോര്‍ത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ലക്ഷ്മി മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ENGLISH SUMMARY:

Kochi IT kidnapping case is settled out of court. The IT employee informed the High Court that the complaint was filed due to a misunderstanding, leading to anticipatory bail for actress Lakshmi R. Menon.