jessy-phone

TOPICS COVERED

കോട്ടയം കാണക്കാരിയിലെ ജെസിയുടെ കൊലപാതകത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ജെസിയുടെ രണ്ട് ഫോണുകളില്‍ ഒന്നാണ് എംജി സര്‍വകലാശാല ക്യാംപസിലെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്. ജെസിയുടെ ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചെന്ന് ഭര്‍ത്താവ് സാം മൊഴി നല്‍കിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് സാം ജെസ്സിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞമാസം 26ന് രാത്രി ജെസ്സിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തെ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. 

അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് സാം ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയത്. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പല തവണ പറഞ്ഞിട്ടും ജെസി കേട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. ജെസിക്ക് മാറി താമസിക്കാനായി അഞ്ചു വീടു കണ്ടെത്തി. വാടക നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ജെസി പിന്നാലെ നടന്നു ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് സാം പൊലീസിനോട് പറഞ്ഞത്.

കൃത്യം നടന്ന പട്ടിത്താനത്തെ വീട്ടിലെ തെളിവെടുപ്പില്‍ കൃത്യം നടത്തിയ രംഗവും സാം പൊലീസിനോട് ധരിപ്പിച്ചു. കാര്‍പോര്‍ച്ചില്‍ കാര്‍ കഴുകികൊണ്ടിരിക്കെയായിരുന്നു കൊലപാതകത്തിന് കാരണമായ പ്രകോപനം. സിറ്റൗട്ടിലിരുന്ന തന്നോട് വഴക്കിട്ട ജെസി വാക്കത്തികൊണ്ട് വെട്ടിയെന്നാണ് സാം പൊലീസിനോട് പറഞ്ഞത്. വെട്ട് കൈ കൊണ്ട് തടഞ്ഞ ശേഷം കാറില്‍ സൂക്ഷിച്ച മുളക് സ്പ്രേയെടുത്ത് ജെസിക്ക് നേരെ പ്രയോഗിച്ചു. മുറിയിലേക്ക് ഓടിയ ജെസിയെ പിന്നീട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും സാം വിശദീകരിച്ചു.

തുണി ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയിൽ തള്ളിയെന്നും സാം പറഞ്ഞു. മൃതദേഹം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിലാണ് സാം ഉപേക്ഷിച്ചത്. പിന്നീട് കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. ബസ് കയറി എംജി സർവകലാശാലാ ക്യാംപസിൽ എത്തി ജെസിയുടെ ഫോൺ ക്യാംപസിലെ മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിനു സമീപത്തെ കുളത്തിൽ എറിയുകയായിരുന്നു.

ENGLISH SUMMARY:

Jessy murder case: A mobile phone has been recovered from the pond in MG University campus. The husband confessed to murdering Jessy and disposing of her body in Cheppukulam following disputes over his affair.