കോട്ടയം കാണക്കാരിയില്‍ വീട്ടമ്മയുടെ കൊലപാതകത്തിന് കാരണം വിദേശവനിതകളെ ഉള്‍പ്പെടെ വീട്ടിലെത്തിച്ച ഭര്‍ത്താവിന്‍റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്തത്. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനി ജെസ്സിയെ കൊല്ലാന്‍ ഭര്‍ത്താവ് സാം കെ ജോര്‍ജ് ദിവസങ്ങള്‍ക്ക് മുന്‍പേ പദ്ധതി തയാറാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. സാമിനൊപ്പം ഉണ്ടായിരുന്ന ഇറാന്‍ യുവതിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് വിവരം.
വീടിന്‍റെ മുകളിലെ നിലയില്‍ സാം കെ ജോര്‍ജ്, താഴത്തെ നിലയില്‍ ജെസ്സി. വര്‍ഷങ്ങളായി ഒരുവീട്ടില്‍ ഇങ്ങനെ അകന്നുകഴിയുകയായിരുന്നു ദമ്പതികള്‍. വിദേശവനിതകളെ ഉള്‍പ്പെടെ സാം വീട്ടിലെത്തിച്ചിരുന്നു. സാമിന്‍റെ വഴിവിട്ട ജീവിതം ജെസ്സി ചോദ്യം ചെയ്തതിന്‍റെ പകയില്‍ കഴിഞ്ഞ 26 ന് രാത്രിയാണ് ജെസിയെ സാം കഴുത്തു ഞെരിച്ചു കൊന്നത്. ജെസിയുടെ മൃതദേഹം കാറില്‍ കയറ്റി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രാത്രി ഒന്നിന് ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയന്‍റില്‍ നിന്ന് അന്‍പത് അടി താഴ്ചയിലേക്ക് തളളിയിട്ടു. പിന്നീട് ഇറാന്‍ യുവതിയുമായി ബെംഗളുരുവില്‍ കറങ്ങുമ്പോഴാണ് കുറവിലങ്ങാട് പൊലീസ് സാമിനെ പൊക്കിയത്. 59 വയസുകാരനായ സാം എംജി സര്‍വകലാശാലയില്‍ ടൂറിസം കോഴ്സ് പഠിക്കുകയാണ്. സര്‍വകലാശാലയില്‍ യോഗ പഠിക്കാനെത്തിയതാണ് ഇറാന്‍ യുവതി.
പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനിയായ ജെസിയുമായി സാമിന്‍റെ രണ്ടാം വിവാഹമാണ്. ഇവരുടെ മൂന്നുമക്കള്‍ വിദേശത്താണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് മകള്‍ കുടുംബസുഹൃത്ത് മുഖേന പൊലീസില്‍ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് സാമിനെ പിടികൂടിയതും ജെസിയുടെ മൃതദേഹം കണ്ടെത്തിയതും.