കോട്ടയത്ത് നഗരമധ്യത്തില്‍ നടുറോഡില്‍ ബീയര്‍ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പിടികൂടി റോഡ് അടിച്ചുവാരി വൃത്തിയാക്കിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു യുവാക്കളുടെ അഴിഞ്ഞാട്ടം. റോഡിലൂടെ നടന്നുവന്ന രണ്ട് യുവാക്കള്‍ നടുറോഡിലേക്ക് ബീയര്‍ ബോട്ടില്‍ എറിഞ്ഞുടച്ചു. ചില്ല് മുഴുവന്‍ റോഡില്‍ ചിതറി.

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. നാട്ടുകാര്‍ കൂടുന്നത് കണ്ട് യുവാക്കളിലൊരാള്‍ സ്ഥലം വിടാന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്നയാളെ നാട്ടുകാര്‍ പിടികൂടി. വേഗത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും റോഡിന്‍റെ നടുവിലേക്ക് എത്തിച്ചു. തുടര്‍ന്ന് അടുത്തുള്ള കടയില്‍ നിന്ന് ചൂല് വാങ്ങിപ്പിച്ച ശേഷം റോഡ് അടിച്ചുവാരി വൃത്തിയാക്കിക്കുകയായിരുന്നു. പിന്നീട് ഇവരെ സ്റ്റേഷനില്‍ എത്തിച്ച് കേസും റജിസ്റ്റര്‍ ചെയ്തു. 

ENGLISH SUMMARY:

Kottayam beer bottle incident involved two youths creating a public nuisance by smashing beer bottles on a road, leading to their arrest and forced road cleanup by the police. This incident highlights the prompt action taken by local law enforcement in maintaining public order.