TAGS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ച സെക്സ് റാക്കറ്റ് അറസ്റ്റില്‍.  കര്‍ണാടകയിലാണ് സംഭവം. എന്‍ജിഒ പ്രവര്‍ത്തകരുടെ സഹായത്തോടെ മൈസൂരു സിറ്റി പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസം മുന്‍നിര്‍ത്തിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

'ഒടനടി സേവ സംസ്‌തേ' എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ എന്‍ജിഒയ്ക്കാണ് പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളുളള ഉപയോക്താക്കളെ ശോഭ തിരയുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ എന്‍ജിഒ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ വാട്‌സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് വിഡിയോ കോള്‍ വഴി കാണിച്ചുകൊടുത്തതായും കണ്ടെത്തി. 

തുടര്‍ന്ന് സംഘത്തെ കുടുക്കാനുള്ള പദ്ധതി തയാറാക്കി. എന്‍ജിഒ ജീവനക്കാരന്‍ ആവശ്യക്കാരനെന്ന വ്യാജേന ശോഭയെ സമീപിച്ചു.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൈസുരുവില്‍ എത്തിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച്ച രണ്ടുമണിയോടെ എത്താമെന്ന് ശോഭ അറിയിച്ചു. തുടര്‍ന്ന് എന്‍ജിഒ സ്ഥാപകരായ കെ.വി.സ്റ്റാന്‍ലിയും എം.എല്‍.പരശുരാമയും വിജയനഗര്‍ പൊലീസുമായി ചേര്‍ന്ന് സ്ഥലത്തെത്തി. 

പറഞ്ഞുറപ്പിച്ചതിനനുസരിച്ച് ശോഭ എത്തി. എന്‍ജിഒ ജീവനക്കാരനുമായി വിലപേശല്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനായി നല്‍കുന്നതിന് ശോഭ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഇവരെ പൊലീസ് വളയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം കുട്ടിയുടെ അമ്മയാണെന്നും പിന്നെ പെണ്‍കുട്ടി അവരുടെ സഹോദരിയുടെ മകളാണെന്നും ശോഭ പറഞ്ഞു. അവസാനം അത് താന്‍ ദത്തെടുത്ത കുട്ടിയാണെന്ന് വരെ പറഞ്ഞു. പിന്നീടാണ് സെക്‌സ് റാക്കറ്റാണെന്ന് സമ്മതിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന തുളസീകുമാര്‍ ഭര്‍ത്താവാണെന്നാണ് ശോഭ പറഞ്ഞത്. 

ആറാംക്ലാസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചില്‍ഡ്രന്‍സ് ഹോമിലാക്കി. സെക്സ് റാക്കറ്റ് സംഘത്തിന് കുട്ടിയെ എങ്ങനെയാണ് ലഭിച്ചത് എന്ന് കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശോഭയെയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

In Karnataka, a minor girl was allegedly put up for sale through WhatsApp. Mysuru City Police arrested a sex racket gang involved in the crime. The gang demanded ₹20 lakhs from individuals to have sexual relations with the underage girl. Shobha, a resident of Bengaluru, and her associate Tulasi Kumar were arrested in connection with the case.