ചമ്പക്കര സ്കൂളിലെ ആറാംക്ലാസുകാരി കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് മരട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തന്‍റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടെന്നും വീണ്ടെടുത്തു തരണമെന്നുമായിരുന്നു സിഐ രാജേഷിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ഥന. അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ആ സൈക്കിൾ. സൈക്കിൾ പോയ കാര്യം ഒരൊത്തവണ പറയുമ്പോളും അവളുടെ കണ്ണ് നിറഞ്ഞു. ആറ് മാസം മുൻപാണ് പന്ത്രണ്ടായിരം രൂപ വിലയുള്ള സൈക്കിൾ വാങ്ങിയത്. വീണ് കൈക്ക് പരുക്കേറ്റതിനാല്‍ രണ്ടു ദിവസമായി സ്കൂളില്‍ പോകാന്‍ സൈക്കിള്‍ എടുത്തിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെയാണ് വീടിന് മുന്നിൽ നിന്ന് സൈക്കിൾ കാണാതായത്. ആരാണ് കൊണ്ടുപോയതെന്ന് ഒരു രൂപവുമില്ല. വൈകുന്നേരം വരെ പലസ്ഥലങ്ങളിലും അന്വേഷിച്ചു. അയൽക്കാരോട് തിരക്കി സുഹൃത്തുക്കളോട് തിരക്കി ആരും കണ്ടവരില്ല. രാവിലെയും പ്രതീക്ഷയോടെ മുറ്റത്തേക്ക് നോക്കിയെങ്കിലും പ്രിയപ്പെട്ട സൈക്കിളില്ല. ഇതോടെയാണ് പൊലീസിന്റെ സഹായം തേടിയത്.
ആറാം ക്ലാസുകാരിയുടെ സങ്കടത്തിന്‍റെ ആഴം മനസ്സിലാക്കിയ മരട് പൊലീസ് സമയം കളയാതെ സൈക്കിൾ തേടിയിറങ്ങി. ആദ്യം സൈക്കിൾ പോയ സ്ഥലത്ത് തിരച്ചിൽ. തോമസ്പുരാം ഭാഗത്ത് നിന്നാണ് സൈക്കിൾ നഷ്ടപ്പെട്ടത്. പ്രദേശത്തെ സിസിടവി ദൃശ്യങ്ങൾ തേടിയുള്ള അന്വേഷണം ഫലംകണ്ടു. സൈക്കിൾ ആരോ ഒരാൾ കൊണ്ടുപോയതാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം. വീടിന്‍റെ ഇടവഴിയിലൂടെ ഒരാൾ സൈക്കിൾ തള്ളിക്കൊണ്ടുവരുന്നതും പിന്നീട് അതിൽ കയറി പോകുന്നതുമാണ് ദൃശ്യങ്ങൾ. സൈക്കിൾ കൊണ്ടുപോയത് പ്രായം ചെന്ന ആളാണെന്ന് ദൃശ്യങ്ങളിൽ നിന്ന് പൊലീസ് ഉറപ്പിച്ചു. സ്വന്തം സൈക്കിളെന്ന പോലെയായിരുന്നു മോഷ്ടാവിന്‍റെ യാത്ര. അങ്ങനെ പോയ വഴികൾ പിന്തുടർന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൂടുതൽ ശേഖരിച്ചു.
മരട് പരിസരത്തെവിടെയോ ഉള്ള ആളാണെന്ന് ഉറപ്പിച്ച പൊലീസ് മോഷ്ടാവിന്‍റെ ദൃശ്യങ്ങളുമായി പ്രദേശത്ത് പരിചയക്കാരെ തേടിയിറങ്ങി. അങ്ങനെ അന്വേഷിച്ച് നടക്കുന്നതിനിടെ ഒരാൾ തിരിച്ചറിഞ്ഞു. വെൽഡിങ് വർക്ക്ഷോപ്പിലെ ജോലിക്കാരനെ പോലെയുണ്ടെന്ന് പോലീസിന്‍റെ ചോദ്യത്തിന് മറുപടി. ഇതോടെ പൊലീസ് നേരെ വർക്ഷോപ്പിലേക്ക് . പക്ഷേ ആളില്ല. ലീവെടുത്ത് ആൾ വീട്ടിലേക്ക് പോയെന്ന് സഹ തൊഴിലാളികൾ പറഞ്ഞു. ദൃശ്യങ്ങളിൽ ഉള്ളത് അവരോടൊപ്പം ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ബേബി വർഗീസാണെന്ന് തൊഴിലാളികൾ ഉറപ്പിച്ചു. ഫോൺ നമ്പർ വാങ്ങി സൈബർ സെല്ലിന്‍റെ സഹായത്തോടെ ബേബിയെ ട്രാക്ക് ചെയ്തു. കൊച്ചി വിട്ടിലില്ലെന്ന് ഉറപ്പിച്ചതോടെ പൊലീസിന്‍റെ തുടർനീക്കം മിന്നൽ വേഗത്തിൽ. കൊല്ലത്തേക്ക് ബസ് കാത്തുനിന്ന ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബേബി കുറ്റം സമ്മതിച്ചു. വീട്ടിൽ പോകാൻ പണമില്ലാത്തതിനാല്‍ സൈക്കിൾ മോഷ്ടിച്ചതെന്നാണ് മൊഴി. മോഷ്ടിച്ച സൈക്കിൾ ഫോറം മാളിന് സമീപത്തെ കടയിലാണ് വിൽക്കാൻ കൊണ്ടുപോയത്. ഇവിടെ നിന്ന് 1100 രൂപയും വാങ്ങി. കടയിൽ നിന്ന് മരട് പൊലീസ് ആറാം ക്ലാസുകാരിയുടെ സൈക്കിൾ കണ്ടെത്തി. സമയം കളയാതെ ബേബിയും സൈക്കിളുമായി പോലീസുകാർ സ്റ്റേഷനിലെത്തി. സൈക്കിൾ പെൺകുട്ടിക്ക് കയ്യോടെ കൈമാറി. സൈക്കിൾ തിരിച്ച് കിട്ടിയതോടെ മുഖം തെളിഞ്ഞു. പൊലീസ് മാമന്മാർക്ക് നന്ദിയും പറഞ്ഞു ഒരു സല്യൂട്ടും നൽകി സൈക്കിളുമായി വീട്ടിലേക്ക്. സിഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സാന്‍റി രാജേഷ്, വിനോദ് എഎസ്ഐ അനികുമാർ, സിപിഒമാരായ ഫസൽ, ഷിയാൻ, ഷിനോജ്, പ്രസീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സൈക്കിൾ കണ്ടെത്തി നൽകിയത്.