പതിനേഴോളം വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി എഫ്.ഐ.ആര്‍ . വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ ഡയറക്ടറായ പാര്‍ത്ഥസാരഥി വനിതകളുടെ ഹോസ്റ്റലില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വിദ്യാര്‍ഥിനികളോട് രാത്രി വൈകി തന്‍റെ റൂമിലേക്ക് വരാന്‍ പാര്‍ത്ഥസാരഥി ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിദേശയാത്രകളില്‍ തന്നെ അനുഗമിക്കാനും വിദ്യാര്‍ഥിനികളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. 62-കാരനായ പാര്‍ത്ഥസാരഥി ഒരു വിദ്യാര്‍ഥിനിയോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നും ഭീഷണിപ്പെടുത്തും. സ്വാമിയുടെ ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരും കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു. പതിവായി രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

‘എന്‍റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’ എന്നാണ് ഒരു പെൺകുട്ടിക്ക് അയച്ച സന്ദേശം. ‘അനുസരിച്ചില്ലെങ്കിൽ നിന്‍റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’ എന്ന ഭീഷണിയായിരുന്നു മറ്റൊരുകുട്ടിക്ക് അയച്ചത്. സ്വാമിക്കു വഴങ്ങാൻ കുട്ടികളെ വാർഡൻമാരും പ്രേരിപ്പിച്ചിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

ENGLISH SUMMARY:

Sexual Harassment Case: An FIR has been filed against Swami Chaithanyananda Saraswathi for allegedly sexually harassing around seventeen students. The director of Sri Sharada Institute of Indian Management in Vasanth Kunj is accused of installing hidden cameras in the women's hostel and pressuring students for personal favors.