കാസര്‍കോട് വീടുകളിലേക്ക് കത്തുകളയച്ച് പണം തട്ടാന്‍ ശ്രമം. കാറും സ്വര്‍ണവും സമ്മാനമായി ലഭിക്കുമെന്ന് അറിയിച്ചാണ് കത്തുകളുടെ വരവ്. രണ്ടുവര്‍ഷത്തിനിടെ പെരിയ മൂലക്കണ്ടത്ത് മൂന്ന് പേര്‍ക്കാണ് വ്യാജ വാഗ്ദാനങ്ങളുടെ കത്തുകളെത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം ഫോണ്‍വിളിയിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നാണെന്നാണ് പറഞ്ഞാണ് വിളിയെത്തുന്നത്. കേരളത്തിലെ മുഴുവന്‍ ഫോണ്‍ നമ്പറുകളില്‍ നിന്ന് നറുക്കെടിപ്പിലൂടെ നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തെന്ന് ആദ്യം വിശ്വസിപ്പിക്കും. പിന്നീട് മേല്‍വിലാസം ആവശ്യപ്പെടും.
അഡ്രസിലേക്ക് അയക്കുന്ന കത്തിനുള്ളിലെ സ്ക്രാച്ച് കാര്‍ഡ് ഉരച്ചുനോക്കി കാര്‍ സമ്മാനമായി ലഭിച്ചെന്ന് കാണുന്നവരെയാണ് തട്ടിപ്പിനിരയാക്കുക. കാര്‍ വേണമെങ്കില്‍ ആധാര്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും കാറിന്‍റെ വിലയെങ്കില്‍ പതിനായിരം രൂപ ആദ്യം അയക്കണമെന്നും ആവശ്യപ്പെടും. അയച്ചുകഴിഞ്ഞാല്‍ പെട്ടു. രണ്ട് വര്‍ഷം മുമ്പ് മൂലക്കണ്ടത്തെ ഗിരീഷിന് ഇതുപോലെ കത്തുലഭിച്ചിരുന്നു.
ഓട്ടോ ഡ്രൈവര്‍മാരായ വിനുവിനും പ്രണവിനും കിട്ടി കത്ത്. ആവശ്യപ്പെട്ടത് ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ തന്നെ.രേഖകള്‍ തരാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞാണ് തട്ടിപ്പുശ്രമം. തട്ടിപ്പാണെന്ന് ഇവര്‍ക്ക് മനസിലായത് പരസ്പരം വിവരം പങ്കുവെച്ചതോടെയാണ്.