മലപ്പുറത്ത് യുവതിയെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് ബംഗാൾ സ്വദേശികൾ പൊലീസ് പിടിയിലായി. യുവതിയുടെ സഹോദരനടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കുറ്റിപ്പുറത്തെത്തിച്ച കഞ്ചാവ്, ഓട്ടോറിക്ഷയിൽ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.
അജാസ് അലി , സദൻ ദാസ്, സദൻ ദാസിൻ്റെ സഹോദരിയായ തനുശ്രീ ദാസ് എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീയാണെങ്കിൽ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടില്ലെന്ന് കരുതിയാണ് ഇവർ തനുശ്രീയെ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടക്കലിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. ഇവർ നേരത്തെയും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.