കൊല്ലം ഏരൂരിൽ നാലര വയസുകാരനോട് അംഗനവാടി അധ്യാപികയുടെ ക്രൂരതയെന്ന് പരാതി. അക്ഷരം പഠിക്കാത്തതിന്  രണ്ട് കാലിലെയും തുടയിൽ അധ്യാപിക നുള്ളിയെന്നും രക്തം കട്ടപിടിച്ച നിലയിലായിരുന്നു ആ ഭാഗമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അധ്യാപികയെ ഏഴ് ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ചൊവ്വാഴ്ച അംഗനവാടിയിൽ നിന്ന് മടങ്ങി എത്തിയ കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് രണ്ട് തുടയിലും പാടുകൾ കണ്ടത്. കരഞ്ഞ കുട്ടിയോട് അമ്മ വിവരം അന്വേഷിച്ചു. അംഗനവാടി അധ്യാപിക നുള്ളിയതെന്നാണ് കുട്ടി പറഞ്ഞത്. രക്തം കട്ടപിടിച്ച് കിടക്കും വിധം ആയിരുന്നു പാടുകൾ. രക്ഷിതാക്കൾ അധ്യാപികയായ ശോഭനയോട് കാര്യം തിരക്കി. ക്ഷമിക്കൂ എന്നായിരുന്നു മറുപടിയെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.

രക്ഷിതാക്കൾ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞു. പക്ഷേ നടപടി ഉണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അധ്യാപികയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണവും നടക്കുകയാണ്. അക്ഷരം പഠിക്കാത്തത് കൊണ്ട് ടീച്ചർ നുള്ളിയെന്നാണ് പ്രാഥമികവിവരം. അധ്യാപികയെ അന്വേഷണ വിധേയമായി ഒരാഴ്ചത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി ഐസിഡിഎസ് അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Anganwadi teacher cruelty is suspected in Kollam after a four-and-a-half-year-old boy was allegedly abused. The teacher was suspended pending investigation following complaints from the parents.