TOPICS COVERED

ലഹരി വിതരണക്കാരിൽ പ്രധാനിയായ നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ മാരകമായ നൈട്രൊസെപാം ഗുളികകളുമായി വീണ്ടും പിടിയിൽ. 34.30 ഗ്രാം വരുന്ന 64 ഗുളികകളാണ് ഡാൻസാഫ് സംഘം പിടിച്ചെടുത്തത്. കടവന്ത്ര ഉദയ കോളനിയിലുള്ള വീട്ടിൽ നിന്നാണ് സുരേഷ് പിടിയിലായത്. കഴിഞ്ഞ വര്‍ഷവും നൈട്രൊസെപാം ഗുളികകളുമായി സുരേഷ് അറസ്റ്റിലായിരുന്നു.

അമിത ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നൽകുന്നതാണ് നൈട്രൊസെപാം ഗുളികകൾ. ഇത് 20 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ നവംബറിൽ സുരേഷിൽ നിന്ന് 22.405 ഗ്രാം നൈട്രൊസെപാം ഗുളികകൾ കണ്ടെടുത്തിരുന്നു. വെറും 5 രൂപയ്ക്ക് ലഭിക്കുന്ന ഈ ഗുളിക 250–300 രൂപ വരെ വിലയ്ക്കാണ് ഇയാൾ വിൽക്കുന്നത്. കോളജ് വിദ്യാർഥികളും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതീയുവാക്കളുമാണ് സുരേഷിൽനിന്ന് ഇവ കൂടുതലും വാങ്ങുന്നതെന്നും പൊലീസ് പറയുന്നു.

കോയമ്പത്തൂരിൽനിന്ന് തുടയിൽ കെട്ടിവച്ചാണ് ഇവ കടത്തിയിരുന്നത് എന്ന് കഴിഞ്ഞ തവണ അറസ്റ്റിലായപ്പോൾ സുരേഷ് വെളിപ്പെടുത്തിയിരുന്നു. സുരേഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളുണ്ട്. 100ലേറെ ലഹരിമരുന്ന് ഇൻജക്ഷൻ ഐപി ആംപ്യൂളുകളുമായും ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്. 

ENGLISH SUMMARY:

Drug peddler 'Negro' Suresh was arrested again with Nitrazepam pills. He was caught from his house in Kadavanthra, and police found 64 pills of Nitrazepam, weighing 34.30 grams.