ഇരുമ്പയിര് കള്ളക്കടത്തുകേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ നടത്തിയതു വമ്പന്‍ ഗൂഡാലോചനയുടെ മറവിലുള്ള വന്‍ കള്ളക്കടത്ത്. ഒന്നേകാല്‍ ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിര് രാത്രിക്കു രാത്രി ചൈനയിലേക്കു കയറ്റി അയച്ചെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന റെയ്ഡില്‍ സെയിലിന്റെ വീട്ടില്‍ നിന്നു 6.75 കിലോ സ്വര്‍ണവും ഒന്നര കോടി രൂപയുമാണ് ഇ.ഡി. പിടിച്ചെടുത്തത്. സെയിലിനെ വെള്ളിയാഴ്ച്ച വരെ ഇ.ഡി.കസ്റ്റഡിയില്‍ വിട്ടു.
സതീഷ് കൃഷ്ണ സെയിലെന്ന പേരു മലയാളിയുടെ മനസില്‍ പതിഞ്ഞത് ഇതാ ഇങ്ങിനെയാണ്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ എന്ന സഹോദരനായി കേരളം ഒന്നടങ്കം കണ്ണും മനസും ഷിരൂരിലേക്കയച്ച സമയത്തു കണ്ട മുഖം. തിരച്ചിലിന്റെ നേതൃത്വം ഏറ്റെടുത്തു മുന്നില്‍ നിന്നു നയിച്ചയാള്‍. ഇതിനുമൊക്കെ അപ്പുറമാണ് സെയിലിന്റെ വീരകൃത്യങ്ങള്‍. ബെല്ലാരിയിലെ ഖനികളില്‍ നിന്നും അനധികൃതമായി കുഴിച്ചെടുത്ത ഇരുമ്പയിരം രാത്രിക്കു രാത്രി നിയമങ്ങളെയും തടസങ്ങളെയുമെല്ലാം മറികടന്നു ചൈനയിലേക്കു കയറ്റി അയച്ചാണ് ഇയാള്‍ ആദ്യം കുപ്രസിദ്ധി നേടുന്നത്.
2010 ഏപ്രില്‍ 19നാണ് ആ സംഭവം. വനഭൂമി കയ്യേറി കുഴിച്ചെടുത്തതെന്നു കണ്ടത്തിയതോടെ വനം വകുപ്പ് കാര്‍വാര്‍ ബെലേക്കരി തുറമുഖത്തു പിടിച്ചിട്ട ഇരുമ്പയിരാണു കയറ്റി അയച്ചത്. 86.78 കോടിയുടെ ഒരു ലക്ഷത്തി ഇരുപത്തിയ്യായിരം മെട്രിക് ടണ്‍ അയിര് അനധികൃതമായി കയറ്റുമതി ചെയ്തെന്നാണു സി.ബി.ഐ കണ്ടെത്തല്‍. ഇതുമായി ബന്ധപെട്ടു നാല്‍പതു കേസുകളില്‍ പ്രതിയാണ്. 2024 ഓഗസ്റ്റില്‍ ഒരു കേസില്‍ 7 വര്‍ഷത്തെ തടവിനു ശിക്ഷിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞമാസം 13 ,14 ദിവസങ്ങളില്‍ കാര്‍വാറിലെ വീട്ടില്‍ ഇ.ഡി. നടത്തിയ റെയ്ഡില്‍ 6.75 കിലോ സ്വര്‍ണവും 1.41 കോടി രൂപയും കണ്ടെടുത്തു. ഓഫീസില്‍ നിന്നു 27 ലക്ഷം രൂപയും പിടിച്ചെടുത്തു. ഈ കേസിലാണു കള്ളപണം വെളുപ്പിക്കലിന് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സെയിലിനെ വെള്ളിയാഴ്ച വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു.