TOPICS COVERED

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്റ്റ് 24 നാണ് കോഴിക്കോട് എത്തുന്നത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ബഷീറുദ്ദീന്‍ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മംഗളൂരുവില്‍ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നതാണ് കാര്യത്തിലെ ദുരൂഹത. മരണം വരെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. ഈയിടെയാണ് ആയിഷ പുതിയ ഫോണ്‍ വാങ്ങിയത്. പഴയ ഫോണ്‍ ബന്ധുക്കളുടെ കയ്യിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് പുതിയ തെളിവുകള്‍ ലഭിക്കുന്നത്.

മംഗളൂരുവില്‍ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോര്‍ഫ് ചെയ്ത ഫോട്ടോകളെന്ന് സംശയമുണ്ടെന്നും ആയിഷയുടെ ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങൾ' എന്ന് ആയിഷ ബഷീറുദ്ദീന് വാട്സാപ്പില്‍ സന്ദേശമയച്ചിരുന്നു. വിദ്യാർഥിനിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് ആയിഷ ബഷീറുദ്ദീന് അവസാനമായി അയച്ച മെസ്സേജ്. വാട്സാപ്പിലെ കൂടുതൽ ഓഡിയോ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുകളാണ് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മറ്റുപാടുകളില്ല. അതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.

ENGLISH SUMMARY:

Aisha Rasha death case is currently under investigation in Kozhikode. The family alleges that Basheerudheen brought Aisha to Kozhikode by threatening her with morphed photos.